pages

Sunday, August 26, 2018



അതിജീവനത്തിന്റെ ഓണക്കാലം

ഉത്രാടനാളിൽ നമ്മുടെ കുഞ്ഞുമക്കൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഞങ്ങൾ കൈറ്റ് പാലക്കാട് ടീം ജില്ലാ കോർഡിനേറ്റർ ശശിമാഷിന്റെ നേതൃത്വത്തിൽ മാസ്റ്റർട്രെയിനർമാർ, ടെക്നിക്കൽ സ്റ്റാഫ് എന്നിവരടങ്ങുന്ന പതിനൊന്നു പേരും മറ്റ് ചില അദ്ധ്യാപകരും ചേർന്ന് കേരളത്തിലെ ഏറ്റവും ദുരിത ഭൂമിയായി മാറിയ എറണാകുളം ജില്ലയിലെ പറവൂർ മേഖലയിലെ വിദ്യാലയങ്ങൾക്ക് ഒരു ചെറു കൈത്താങ്ങാകാൻ സാധിച്ചതിലെ ചാരിതാർത്ഥ്യം പങ്കുവയ്ക്കുന്നു... 
 

നാഷണല്‍ ഹൈവേയിൽ അങ്കമാലി അത്താണിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം കഴിയുമ്പോഴേക്കും പ്രളയത്തിന്റെ ഭീകരത ദൃശ്യമായി തുടങ്ങി... ഒഴുകി പോയ കാറുകളും, ബൈക്കുകളും, പാത്രങ്ങളും... വെള്ളം കയറി നശിച്ച ഇലക്ട്രോണിക്ക് ഉപകരണങ്ങൾ മുറ്റത്ത് കൂട്ടി ഇട്ടിരിക്കുന്നു... ബോട്ടുകളുടെയും ടോറസ്സുകളുടെയും ശക്തിയാൽ തകർന്ന മതിൽ കെട്ടുകളും കടകളുടെ ഷട്ടറുകളും കാണാം. പൂർണമായി വെള്ളത്തിൽ മുങ്ങിനശിച്ച, മഞ്ഞ നിറത്തിൽ നിൽക്കുന്ന വാഴത്തോട്ടങ്ങൾ... തകർന്ന റോഡുകൾ... നശിച്ച കൃഷിയിടങ്ങൾ... എങ്ങും ചെളിമണം...! 
 
കിലോമീറ്ററുകളോളം ദൂരം റോഡിന് ഇരുവശവുമുള്ള വീട്ടുകാർ വീട് വൃത്തിയാക്കുന്ന തിരക്കിലാണ്... അവരുടെ ഫർണിച്ചറുകളും തുണികളും പുറത്തിട്ട് ഉണക്കുന്നതും, ചെളി നിറഞ്ഞ കിണറുകളിലെ വെള്ളം പമ്പ് ചെയ്യുന്നതും കാണാം. വീട്ടുമുറ്റത്ത് ചളി നിറഞ്ഞ് കിടക്കുന്ന ആഡംബരകാറുകളെയൊന്നും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല...  
കിടക്കാനുള്ള ഒരിടം വൃത്തിയാക്കുന്ന തിരക്കിലാണവർ...
ഇടക്ക് ഒരു ടിപ്പർ ലോറിയിൽ ശുദ്ധജലവും ഭക്ഷണവും കൊണ്ടുവന്നു കൊടുക്കുന്നു...  
ഓടി വന്നു വാങ്ങുന്നത് പാവപ്പെട്ടവർ മാത്രമല്ല..!  
കൊട്ടാരം പോലെ വീടുപണിതുയർത്തിയവർ വരെ അതിൽ ഉൾപ്പെടും...
കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്ന ധാരാളം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. പക്ഷേ ആയിരക്കണക്കിന് വീടുകളാണ് ചെളിനിറഞ്ഞ് കിടക്കുന്നത്... സ്വന്തം വീടുപോലും വൃത്തിയാക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്ന ഒരു ജനസമൂഹത്തെയാകെ കൈ പിടിച്ചെഴുന്നേൽപ്പിക്കാൻ നമുക്കേ സാധിക്കൂ...

ഞങ്ങൾ എത്തിച്ചേര്‍ന്നത് അങ്കമാലി ഉപജില്ലയിലെ കുന്നുകര ജെ ബി എസ്സ്, വയൽകര(കുന്നുവയൽ) ജി എൽ പി എസ്സ് എന്നീ രണ്ടു വിദ്യാലയങ്ങളിലാണ്. പ്രളയജലത്തിൽ മുങ്ങി ചെളിക്കെട്ടായി മാറിയ ക്ലാസ് മുറികൾ, ഓഫീസുകൾ, ഹാളുകൾ, കസേരകൾ, ബഞ്ചുകൾ, ഡസ്ക്കുകൾ.... 

 



എല്ലാം പൂർണമായും വൃത്തിയാക്കാൻ സാധിച്ചു...


 
കുന്നുകര വിദ്യാലയത്തിലെ മിക്ക അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വീടുകൾ പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു... മിഴി നനഞ്ഞ്, വിതുമ്പുന്ന ഹൃദയത്തോടെ പ്രധാന അധ്യാപിക പറഞ്ഞ വാക്കുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല..!
തിരിച്ചു വരുമ്പോൾ റോഡിൽ പലയിടത്തും തിരുവോണത്തിനുള്ള സൗജന്യ കിറ്റുകൾ വിവിധ സംഘടനകളും, കമ്പനികളും വിതരണം ചെയ്യുന്നുണ്ടായിരുന്നു...

തികഞ്ഞ സംതൃപ്തിയോടെയല്ലായിരുന്നു ഞങ്ങളുടെമടക്കം....
തികച്ചും നിസ്സഹായരായവർ ഇനിയും അവിടെയുണ്ട്.....!

ഇത് കേരളം...
ഇവിടെ മലയുണ്ട് .... പുഴയുണ്ട്... കാടുണ്ട്..... ജൈവവൈവിധ്യമുണ്ട്....
സ്നേഹസമ്പന്നരായ സന്മനസുള്ള ഞങ്ങൾ കേരളമക്കൾ ഉണ്ട്....
ഒത്തൊരുമയോടെ എല്ലാം തിരിച്ചെടുക്കും....
ഇതൊരു തുടക്കം മാത്രം....


No comments:

Post a Comment