pages

Wednesday, January 2, 2019


പതിനാറിന്റെ നിറവിൽ വിക്കിപീഡിയ


മലയാളം വിക്കിപീഡിയയുടെ പതിനാറാം വാർഷികാഘോഷം നടക്കുന്നു. ഇന്റര്‍നെറ്റ് അവലംബമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 2002 ഡിസംബർ 21 മുതല്‍ വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. മലയാളം വിക്കീപീഡിയ എഴുത്തുകാരുടെ - വിക്കിപീഡിയ ഉപയോക്താക്കളുടെ - പ്രതിവർഷ സംസ്ഥാനതല കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2018” -ന് ഇത്തവണ വേദിയാകുന്നത് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ്. കൊടുങ്ങല്ലൂരിലെ വികാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇത്തവണ ആഘോഷ പരിപാടികൾ നടക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷൻ, സി..എസ്.., കൈറ്റ്, മുസിരിസ് പ്രോജക്ട് തുടങ്ങിയവരുടെ സഹകരണത്തോടുകൂടിയാണ് വാർഷികാഘോഷം നടക്കുന്നത്. എം.എൽ.എ മാരായ വി.ആർ.സുനിൽ കുമാർ, .ടി. ടൈസൺ, കെ.ആർ.ജൈത്രൻ, വി.മനോജ്,എം.ബിജു കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയില്‍ ചെയ്യുന്നത്. ഇപ്രകാരം കൂട്ടായി രചിക്കുന്ന വിക്കിപീഡിയയിലെ ലേഖനങ്ങള്‍ ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിക്കൊണ്ടിരിക്കുന്നു.

കൊടുങ്ങല്ലൂരിൽ നടക്കുന്ന വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിക്കിമീഡിയൻസിനെ ഒന്നിച്ചു ചേർക്കുക, പുതിയ എഡിറ്റർമാരെ വിവിധ പ്രോജെക്ടുകൾക്കായി തിരഞ്ഞെടുക്കുക, ലൈബ്രറികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ,ക്ലബ്ബുകൾ തുടങ്ങിയവയ്ക്ക് പുതിയ പദ്ധതികൾ പരിചയപ്പെടുത്തുക, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയവ ലക്‌ഷ്യം വെച്ചുകൊണ്ടാണ് വിക്കിമീഡിയ സംഗമോത്സവം നടത്തുന്നത്. കൈറ്റിന്റെ പങ്കാളിത്തത്തോടെ വിദ്യാലയ തലത്തിൽ നിന്നു തന്നെ വിദ്യാർത്ഥികൾക്കു വിക്കിപീഡിയയിലേക്കു വിവരങ്ങൾ നൽകുന്നതിനുള്ള പരിശീലനവും നടക്കും.


2018 ഡിസംബർ 21 നു വിക്കിപീഡിയയിൽ കൂട്ടിച്ചേർക്കലുകൾ നടത്തിലും വിവിധ സ്ഥലങ്ങളിൽ പഠനക്ലാസ്സുകൾ നടത്തിയും സംഗമോത്സവ പരിപാടികൾ നവരുന്നുണ്ട്. 2019 ജനുവരി 19, 20, 21 തീയതികളില്‍ കൊടുങ്ങല്ലൂരിൽ നടക്കുന്ന വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. -മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും.


വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ തൃശ്ശൂർജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും ചരിത്രവുമായി ബന്ധപ്പെട്ട നിരവധി വിജ്ഞാനശ്രോതസ്സുകളും മറ്റും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. മലയാളം വിക്കിപീഡിയയിലും സഹ വിക്കിമീഡിയ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്‍, വിക്കിപാഠശാല, വിക്കി കോമണ്‍സ്, തുടങ്ങിയവയിലും പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുടെ ആദ്യ വാര്‍ഷിക കൂടിച്ചേരല്‍ കൂടിയാണിത്.


മലയാളം വിക്കിപീഡിയരുടെ വാർഷിക കൂട്ടായ്മയിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ഫോം പൂരിപ്പിച്ച് അയക്കാവുന്നതാണ്.

http://bit.ly/Kodungallur


വിശദവിവരങ്ങൾ അവലംബം: http://ml.wikipedia.org/wiki/WP:WS2018

ചിത്രം കൊടുക്കാൻ ലോഗോ: https://ml.wikipedia.org/wiki/user:Rajeshodayanchal/logos

No comments:

Post a Comment