IT Mela Softwares


മലയാളം ടൈപ്പിംഗ് സോഫ്റ്റ്‍വെയർ –ശാരിക ഹെൽപ്പ് വീഡിയോ- Link

അനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‍വെയർ - Link


Monday, September 17, 2018


സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോ‍‍ഷം


സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോ‍‍ഷത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളില്‍ 'ലിറ്റില്‍ കൈറ്റ്സ്' ക്ലബുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെമിനാറുകള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ രചന, പെയിന്റിങ് മത്സരങ്ങള്‍, അനിമേഷന്‍ നിര്‍മാണം, പ്രസന്റേഷനുകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനം വരെ തുടരും. ഒക്ടോബർ രണ്ടിനു കൈറ്റിന്റെ എല്ലാ ജില്ലാ ഓഫിസുകളിലും പൊതുജനങ്ങള്‍ക്കു കംപ്യൂട്ടറുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചു നല്‍കുന്ന 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ്' നടത്തുമെന്നു കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.


.ടി@സ്കൂള്‍ ഗ്നൂ/ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം, ഓഫിസ് പാക്കേജുകള്‍ (വേര്‍ഡ് പ്രൊസസിങ്, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍, ഡേറ്റാബേസ്‌, ഗ്രാഫിക് ഇമേജിങ്, വിഡിയോ എഡിറ്റിങ്, അനിമേഷന്‍ നിര്‍മാണം, പ്രോഗ്രാമിങ്ങിനുള്ള ജിഐഎസ്, ഐഡിഇ, വെബ്-ഡേറ്റാബേസ് സെര്‍വറുകള്‍) തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ അടങ്ങിയ സോഫ്റ്റ്‌വെയര്‍ സഞ്ചയമാണു ഫെസ്റ്റില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകളാണെങ്കില്‍ ഇവയ്ക്ക് ഒന്നര ലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടി വരുമായിരുന്നു. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ക്ലാസുകളും സംശയനിവാരണ വേളകളും എല്ലാ ജില്ലകളിലും നടക്കും.


സ്വതന്ത്ര്യമായി ഉപയോഗിക്കാനും പഠിക്കാനും അതില്‍ മാറ്റം വരുത്താനും തടസ്സങ്ങളില്ലാതെ ആവശ്യമുള്ള പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്‍റ്റ്‍വെയറുകളാണു സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍. ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണെങ്കില്‍ പോലും അവ യഥേഷ്ഠം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയറാണ് ഉപയോഗിക്കുന്നത്. കൈറ്റിന്റെ (.ടി.@സ്കൂൾ) നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനം ലോകത്തിലെതന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ മേഖലയിലെ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ വിന്യാസമായാണു പരിഗണിക്കുന്നത്.


ഹൈടെക് സ്കൂള്‍‌ പദ്ധതിയുടെ ഭാഗമായി വിന്യസിക്കുന്ന 60250 ലാപ്‍ടോപുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ പ്രയോജനപ്പെടുത്തുന്നതു കൊണ്ടുമാത്രം 900 കോടി രൂപയുടെ ലാഭം സര്‍ക്കാര്‍ ഖജനാവിനുണ്ടായി എന്നാണു കണക്കാക്കുന്നത്. വിവിധ ജില്ലകളിലെ ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 26-നകം കൈറ്റിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി സര്‍വീസസ് മെനുവിനു കീഴിലുള്ള ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.kite.kerala.gov.in സന്ദർശിക്കുക.


No comments:

Post a Comment